Thursday, July 4, 2024
HomeKPSC Helperമൗലിക അവകാശങ്ങൾ

മൗലിക അവകാശങ്ങൾ

മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് പാർട്ട് III ൽ ആർട്ടിക്കിൾ 12 മുതൽ 35 വരെയാണ്. സർദാർ വല്ലഭായി പട്ടേലാണ് ഇതിന്റെ ശില്പി. മൗലിക അവകാശങ്ങൾ കടം കൊണ്ടത് അമേരിക്കൻ ഭരണഘടനയിൽ നിന്നാണ്. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് മൗലിക അവകാശങ്ങളെയാണ്

സമത്വത്തിനുള്ള അവകാശം (അനുച്ഛേദം 14-18)

അനുച്ഛേദം 14: രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്ന അനുച്ഛേദമാണിത്. വംശം, വർണം, ദേശീയത എന്നിവയ്ക്ക് അതീതമായി നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്ന് അനുച്ഛേദം 14ൽ പറയുന്നു.

അനുച്ഛേദം 15: രാജ്യത്തെ പൗരന്മാർക്കിടയിൽ വംശം, മതം, ജാതി, ലിംഗം, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലെന്നു നിഷ്കർഷിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പുതിയ പദ്ധതികൾ കൊണ്ടുവരുന്നതിനെ ഈ അനുച്ഛേദം എതിർക്കുന്നില്ല. അനുച്ഛേദം 19(1)(G) പ്രകാരം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെയോ പട്ടിക ജാതി/വർഗ വിഭാഗങ്ങളുടെയോ ഉന്നമനത്തിനായി പ്രത്യേക നിയമങ്ങളോ പദ്ധതികളോ കൊണ്ടുവരുന്നതിനെയും അനുച്ഛേദം 15 എതിർക്കുന്നില്ല.

അനുച്ഛേദം 16: പൗരന്മാർക്ക് പൊതുതൊഴിലുകളിൽ തുല്യാവസരം ഉറപ്പുവരുത്തുന്ന അനുച്ഛേദമാണിത്. വംശം, പാരമ്പര്യം, മതം, ജാതി, ലിംഗം, ജനന സ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം പൊതു/സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജോലി നൽകുന്നതിൽ പാടില്ലെന്ന് ഈ അനുച്ഛേദത്തിൽ വ്യക്തമാക്കുന്നു. ഇവിടെയും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക നിയമമുണ്ടാക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നുണ്ട്.

അനുച്ഛേദം 17: രാജ്യത്ത് എല്ലാതരത്തിലുമുള്ള തൊട്ടുകൂടായ്മ നിരോധിക്കുന്ന അനുച്ഛേദമാണിത്. ഇതുപ്രകാരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ പാലിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

അനുച്ഛേദം 18: ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പദവികളെ/ ബഹുമതികളെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദമാണിത്. എന്നാൽ സൈനികവും അക്കാദമികവുമായ പദവികളെ അനുവദിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 19-22)

അനുച്ഛേദം 19: രാജ്യത്തെ പൗരന്മാർക്ക് മൗലികമായ ആറ് സ്വാതന്ത്ര്യങ്ങൾ അനുവദിക്കുന്ന അനുച്ഛേദമാണിത്.
1) സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം. ആവിഷ്കാര സ്വാതന്ത്ര്യവും ഇതിൽ ഉൾപ്പെടുന്നു
2) സമാധാനപരമായി കൂട്ടംകൂടുവാനുള്ള സ്വാതന്ത്ര്യം
3) സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം
4) സഞ്ചാര സ്വാതന്ത്ര്യം
5) ഇന്ത്യയിൽ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
6) ഇഷ്ടമുള്ള തൊഴിൽ/ വ്യാപാരം ചെയ്യാനുള്ള സ്വാതന്ത്ര്യം

അനുച്ഛേദം 20: കുറ്റകൃത്യം ചെയ്തവർക്കുള്ള സംരക്ഷണം സംബന്ധിച്ച അനുച്ഛേദമാണിത്. കുറ്റാരോപിതനായ ആളുടെ സംരക്ഷണത്തിനുള്ളതാണ് ഈ വകുപ്പ്. അനുച്ഛേദം 359 പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പോലും ഈ അവകാശം ലംഘിക്കപ്പെടരുതെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.

അനുച്ഛേദം 21: ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണം അനുച്ഛേദം 21 ഉറപ്പാക്കുന്നു. ശുദ്ധ വായു, ശുദ്ധ ജലം, ആറ് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം (21A), സ്വകാര്യത എന്നീ അവകാശങ്ങൾ നിലവിൽ ഈ അനുച്ഛേദത്തിനു കീഴിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

അനുച്ഛേദം 22: ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുള്ള നിർദേശമില്ലാതെയുള്ള അറസ്റ്റുകളിൽ നിന്നും അന്യായമായ തടങ്കലിൽ നിന്നുമുള്ള സംരക്ഷണം. ഇതുപ്രകാരം അറസ്റ്റ് ചെയ്യപ്പെടാനുള്ള കാരണം അറിയാനും ആവശ്യമെങ്കിൽ അഭിഭാഷകനെ കാണാനും എല്ലാവർക്കും അവകാശമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കണമെന്നും ഈ അനുച്ഛേദത്തിൽ വ്യക്തമാക്കുന്നു.

ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം (അനുച്ഛേദം 23-24)

അനുച്ഛേദം 23: സ്ത്രീകൾ, കുട്ടികൾ, യാചകർ ഉൾപ്പെടെ എല്ലാ മനുഷ്യരെയും നിർബന്ധിത ജോലി ചെയ്യിപ്പിക്കുന്നതിനെ നിരോധിക്കുന്നു.

അനുച്ഛേദം 24: ബാലവേല നിരോധിക്കുന്നു. 14 വയസിനുതാഴെ പ്രായമുള്ള കുട്ടികളെ അപകടകരമായ ജോലി ചെയ്യിപ്പിക്കരുതെന്ന് ഈ അനുച്ഛേദം അനുശാസിക്കുന്നു.

മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 25-28)

അനുച്ഛേദം 25: മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, മതാചാരങ്ങൾ പാലിക്കാനുമുള്ള സ്വാതന്ത്ര്യം.

  1. ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനും അവകാശമുണ്ട്.
  2. ഈ വകുപ്പ് a.മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല.

അനുച്ഛേദം 26: മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം.

ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും ഇനിപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും:
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും നടത്തിപ്പിനുമുള്ള അവകാശം
b.മതപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അവകാശം
c.ചലിക്കുന്നതോ ചലിക്കാത്തതോ ആയ വസ്തുക്കൾ കൈവശം വയ്ക്കുന്നതിനുള്ള അവകാശം
d.നിയമാനുസൃതം അത്തരം സ്വത്തുക്കൾ നോക്കിനടത്തുന്നതിനുള്ള അവകാശം

അനുച്ഛേദം 27: മതപരമായ കാര്യങ്ങൾക്ക് വിനിയോഗിക്കുന്ന പണത്തെ നികുതിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു

അനുച്ഛേദം 28: ചില പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം

1) സർക്കാർ ഫണ്ടുകൊണ്ടു പ്രവൃത്തിക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല
2) അനുച്ഛേദം 28-ന്റെ ഒന്നാം ഉപവകുപ്പിൽ പറഞ്ഞിട്ടൂള്ളതൊന്നും സർക്കാർ നടത്തുന്നതും മതബോധനം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമിതി സ്ഥാപിച്ചിട്ടൂള്ളതുമായ സ്ഥാപനങ്ങൾക്ക് ബാധകമല്ല.
3) സർക്കാർ അംഗീകരിച്ചിട്ടൂള്ളതോ ധനസഹായം ലഭിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർഥിയുടേയോ വിദ്യാർഥി പ്രായപൂർത്തിയായിട്ടില്ലെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.

സാംസ്കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ (അനുച്ഛേദം 29-30)

അനുച്ഛേദം 29: ന്യൂനപക്ഷ വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടത്

1) സ്വന്തമായി ഭാഷയോ, ലിപിയോ, സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്.
2) സർക്കാർ നടത്തുന്നതോ ധനസഹായം ലഭിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതം, വംശം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കുവാൻ പാടുള്ളതല്ല.

അനുച്ഛേദം 30: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള അവകാശം

1) മതന്യൂനപക്ഷങ്ങൾക്കും ഭാഷാന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്താനും അവകാശമുണ്ട്
1A)മേൽപ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ നിശ്ചയിക്കുന്ന തുക മേൽപറഞ്ഞ അവകാശത്തെ നിഷേധിക്കുന്നതാവരുത്.
2) ഇത്തരം സ്ഥാപനങ്ങൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കിൽ, ഭാഷാ-മത ന്യൂനപക്ഷ മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താൽ യാതൊരു വിവേചനവും കാണിക്കുവാൻ പാടില്ല.

അനുച്ഛേദം 31: സ്വത്തവകാശം (1978-ലെ 44-ാം ഭേദഗതി വഴി റദ്ദാക്കി). ഭരണഘടനാ അനുച്ഛേദം 19(f), 31 എന്നിവ പ്രകാരം മൗലികാവകാവകാശമായിരുന്ന സ്വത്തവകാശം നിലവിൽ അനുച്ഛേദം 300A-യ്ക്ക് കീഴിൽ നിയമപരമായ അവകാശമാണ്.

ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം (അനുച്ഛേദം 32-35)

മുകളിൽ പ്രതിപാദിച്ചിട്ടുള്ള ഏതെങ്കിലും മൗലികാവകാശം ലംഘിക്കപ്പെടുന്ന പക്ഷം പൗരന് കോടതിവഴി ഇത് പുനഃസ്ഥാപിച്ചുകിട്ടാനുള്ള അവകാശം നൽകുന്ന ഭാഗമാണിത്.

അനുച്ഛേദം 32: മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ പ്രയോഗവൽകരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകൾ. (1). മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നപക്ഷം ജനങ്ങൾക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനും (2). കോടതിക്ക് റിട്ടുകൾ പുറപ്പെടുവിക്കുന്നതുവഴി ഇവ പുനഃസ്ഥാപിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു.

അനുച്ഛേദം 33:മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനു പാർലമെന്റിനുള്ള അധികാരം.

അനുച്ഛേദം 34: പട്ടാളനിയമം പ്രാബല്യത്തിലിരിക്കുമ്പോൾ മൗലികാവകാശങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങളെ സംബന്ധിച്ച്.

അനുച്ഛേദം 35:മൂന്നാം ഭാഗത്തിലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള/ ഇടപെട്ടുള്ള പാർലമെന്റിന്റെ നിയമനിർമ്മാണാധികാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular